നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസംകൂടി അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടന്‍ ദിലീപിന് തിരിച്ചടി.

ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസംകൂടി അനുവദിച്ചു. ഈ ആവശ്യത്തെയും ദിലീപ് എതിര്‍ത്തിരുന്നു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസാണിത്. ദിലീപും മറ്റു പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

എഫ്.ഐ.ആര്‍., പരാതിക്കാരനായ അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ റിപ്പോര്‍ട്ട്, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ തുടങ്ങിയവ പരിഗണിച്ചാല്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി വ്യക്തമാകുമെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട സുദര്‍ശന്റെ കൈ വെട്ടണമെന്നെല്ലാം പറയുന്നത് ഈ തീരുമാനത്തെ തുടര്‍ന്നാകാം. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനുള്ള നീക്കം രണ്ടുവര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കുന്ന ഗൂഢാലോചനക്കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കേസാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല.

കേസില്‍ കുറ്റം തെളിയിക്കാനുള്ള വസ്തുതകളില്ലെന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന ഘട്ടത്തിലാണ് നേരത്തേ ഹൈക്കോടതി പറഞ്ഞത്. കേസന്വേഷണത്തില്‍ കോടതി ഇടപെടണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇടപെടല്‍ തെളിവു ശേഖരിക്കാനുള്ള പോലീസിന്റെ അവസരം നിഷേധിക്കും -കോടതി വ്യക്തമാക്കി.കേസ് റദ്ദാക്കാനാവില്ലെങ്കില്‍ അന്വേഷണം സി.ബി.ഐ.ക്കു കൈമാറണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. ബൈജു പൗലോസിന് തന്നോട് വൈരാഗ്യമുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ദിലീപ് നിരത്തിയത്. ന്യായമായ അന്വേഷണമല്ല നടക്കുന്നതെന്നു തെളിയിക്കാന്‍ മതിയായ വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി നിരസിച്ചു.

Related posts

Leave a Comment