തൃശൂര്‍: 2016 ഡിസംബറിലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയതോടെ വളര്‍ത്തുമൃഗങ്ങളുടെ ചെറുകിട വില്‍പനശാലകള്‍ക്ക് താഴുവീഴുന്നു.
നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്ബോള്‍ കേരളത്തിലെ നിലവിലെ വളര്‍ത്തുമൃഗ വില്‍പനകേന്ദ്രങ്ങള്‍ ഒന്നും ബാക്കിയുണ്ടായേക്കില്ല. നടപടിക്ക് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളുമായി നേരില്‍കണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ല്‍ കൊണ്ടുവന്ന് രണ്ട് വര്‍ഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളര്‍ത്തുമൃഗങ്ങളുടെ വില്‍പന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിര്‍ദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാര്‍പ്പിക്കുന്ന ഇരുമ്ബുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിര്‍ദേശം. നായ്വര്‍ഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്‍റെയും അടുത്ത് പക്ഷി, മുയല്‍, പന്നികള്‍ തുടങ്ങിയവയുടെയോ കൂടുകള്‍ സജ്ജീകരിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് വലുപ്പത്തിലുള്ള കടമുറികള്‍ വേണമെന്ന് വ്യക്തം.
മൂന്ന് മാസത്തിലൊരിക്കല്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധന നടത്തി കടയുടമക്ക് സാക്ഷ്യപത്രം നല്‍കണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്.പി.സി.എ) എന്ന സംഘടനക്കും വില്‍പനശാലകളില്‍ പരിശോധന നടത്താനും നടപടിക്ക് ശിപാര്‍ശ ചെയ്യാനും അധികാരമുണ്ട്. അറവുശാലയുടെ 100 മീറ്റര്‍ പരിധിയില്‍ ആയിരിക്കരുത് വില്‍പനശാലയെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു.
അവസരം മുതലെടുത്ത് റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട കോര്‍പറേറ്റുകള്‍ മേഖലയിലേക്ക് കടന്നുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കകള്‍ വിശദീകരിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഓള്‍ കേരള പെറ്റ്ഷോപ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് കണ്ണൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.