ആണ്‍സുഹൃത്തിനെ ആക്രമിച്ചെന്ന കേസില്‍ ജയിലിലാകുമെന്ന ഭയം; ടി.വി അവതാരകയുടെ മരണത്തിന് പിന്നില്‍?

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ടി.വി. അവതാരക കരോലിന്‍ ഫ്‌ലാക്കിന്റെ ആത്മഹത്യയ്ക്ക് കാരണം ജയിലില്‍ പോകേണ്ടിവരുമെന്ന ഭയമായിരുന്നുവെന്ന് സൂചന. ആണ്‍സുഹൃത്തിനെ ആക്രമിച്ചെന്ന കേസില്‍ മാര്‍ച്ചില്‍ വിചാരണ തുടങ്ങാനിരിക്കെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് കരോലിന്‍ ഭയപ്പെട്ടിരുന്നതായി അവരുമായി അടുത്തബന്ധമുള്ളവര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനിലെ ഫ്‌ളാറ്റില്‍ കരോലിന്‍ ഫ്‌ലാക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ പ്രശസ്തമായ ടി.വി. റിയാലിറ്റി ഷോയായ ലവ് ഐലന്‍ഡിന്റെ മുന്‍ അവതാരകയായിരുന്നു കരോലിന്‍. ഈ ഷോയിലൂടെയാണ് കരോലിന്‍ ബ്രിട്ടന്‍ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായതും.

എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു കേസില്‍ ഉള്‍പ്പെട്ടതോടെ കരോലിന്റെ ജീവിതം മാറിമറിഞ്ഞു. ആണ്‍സുഹൃത്തായ ലൂയിസ് ബര്‍ട്ടണെ(27) ആക്രമിച്ചെന്നതായിരുന്നു കരോലിനെതിരായ കേസ്. ഈ കേസില്‍ കരോലിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. മാര്‍ച്ചില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം.

കഴിഞ്ഞദിവസങ്ങളില്‍ കരോലിന്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും കേസില്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിരുതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് കരോലിനെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Related posts

Leave a Comment