തൃശൂര്‍: തൃശൂര്‍ നഗരത്തിന്റെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം രേഖപ്പെടുത്തിയത് കണ്ട് ആശങ്കയിലായി നാട്ടുകാര്‍.
എന്താണ് ഇതിനു പിന്നിലെ കാരണം എന്നറിയാതെ നാട്ടുകാര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെയാണ് ആ ശങ്ക പടര്‍ന്നത്. അതേസമയം ഡ്രോണ്‍ സര്‍വേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പോലീസ് വിശദീകരിച്ചു. രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള ‘എല്‍’ അടയാളം കണ്ട് നാട്ടുകാര്‍ പേടിച്ചു.
കെ – റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്പറേഷന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവര്‍ക്കും അറിയില്ലായിരുന്നു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോലീസിന്റെ വിശദീകരണത്തോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.