ആലപ്പുഴയില്‍ തടഞ്ഞു നിര്‍ത്തി കൂട്ട മര്‍ദ്ദനം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്‌ എട്ടംഗ സംഘത്തിന്‍റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു.

ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഡിവൈഎഫ്‌ഐ നേതാവടക്കം എട്ടംഗ സംഘം ബൈക്കില്‍ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുള്‍ഫിത്ത് അടക്കം മൂന്നു പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുള്‍ഫിത്തിന് ശബരിയുമായോട് നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം.

ബൈക്കി‌ല്‍ വരികയായിരുന്ന ശബരിയെ സുള്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് റോഡരികില്‍ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഹരിപ്പാട് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ അതേ സമയം, രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് മെല്ലപ്പോക്കാണെന്ന പരാതി ബന്ധുക്കള്‍ക്കുണ്ട്.

Related posts

Leave a Comment