അര്‍ധരാത്രി ക്ഷേത്രത്തില്‍ നിന്ന് പൂജാരിയുടെ മൈക്ക് അനൗണ്‍സ്‌മെന്റ്; ഓടിയെത്തി നാട്ടുകാര്‍; കള്ളന്‍ കുടുങ്ങി

ആലപ്പുഴ: ക്ഷേത്രത്തില്‍ മോഷണം(Theft) നടത്താനെത്തിയ കള്ളനെ കുടുക്കി പൂജാരി. മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചാണ് പൂജാരി കള്ളനെ കുടുക്കിയത്.
വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ചു കടന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ്(52) മോഷണവസ്തുക്കളുമായി പിടിയിലായത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ക്ഷേത്രത്തില്‍ നിന്ന് ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണന്‍ എഴുന്നേറ്റത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ ക്ഷേത്ര മതില്‍ ചാടിക്കടന്ന് നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്.

ഉടനെ ഓടിയെത്തിയ പൂജാരിയെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ച ശേഷം മോഷ്ടാവ് ഓടികളയുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലേക്ക് തിരികെയെത്തിയ കണ്ണന്‍ കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി.

അസമയത്തെ മൈക്ക് അനൗണ്‍സ്‌മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ച കള്ളനെ പിടികൂടുകയായിരുന്നു. കുറത്തിക്കാട് പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വേറെയും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment