പിതാവിന്‍റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി

കൊച്ചി: പിതാവിന്‍റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തു വയസ്സുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി.

 

24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും കുട്ടിയുടെ പ്രായമടക്കം പരിഗണിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 31 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. നിയമപരമായ സമയപരിധി കഴിഞ്ഞതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.

സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഒരാഴ്ചക്കകം ഗര്‍ഭഛിദ്രം നടത്താന്‍ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഹരജി നേരത്തേ പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയശേഷം പരിശോധിച്ച്‌ ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതകള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിക്ക് പത്തുവയസ്സ് മാത്രമാണ് എന്നതിനാല്‍ ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗര്‍ഭഛിദ്രം നടത്താമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി.

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 31 ആഴ്ച പിന്നിട്ടതിനാല്‍ അലസിപ്പിച്ചാലും കുഞ്ഞ് ജീവനോടെയിരിക്കാന്‍ 80 ശതമാനത്തോളം സാധ്യതയുണ്ട്. എന്നാല്‍, ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എന്‍.ഐ.സി.യു പരിചരണം അനിവാര്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് അനിവാര്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളോടെയും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിയത്. ആവശ്യമെങ്കില്‍ സ്പെഷലിസ്റ്റുകളുടെ സഹായം തേടാം.

ഇതിനാവശ്യമായ നടപടികള്‍ ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ സ്വീകരിക്കണം. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ പൂര്‍ണ തോതിലുള്ള വൈദ്യസഹായങ്ങള്‍ ആശുപത്രി അധികൃതര്‍ നല്‍കണം.

ഹരജിക്കാര്‍ക്ക് സാധ്യമല്ലാത്തപക്ഷം ഇക്കാര്യത്തിലെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു

Related posts

Leave a Comment