തൃശൂര്‍: ( 09.03.2022) അങ്കമാലിക്കടുത്ത് കൊരട്ടിയില്‍ യുവതിയെ അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി.
മുഖത്ത് ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ പെരുമ്ബാവൂര്‍ സ്വദേശിനി എം എസ് വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു.
ആറുമാസം മുന്‍പ് വിവാഹം കഴിച്ച് കൊരട്ടിയിലേയ്ക്ക് കൊണ്ടുവന്ന യുവതിക്കാണ് ഭര്‍തൃവീട്ടിലെ ദുരനുഭവം. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ യുവതിയുടെ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റു. ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു.
നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് സത്യവാന് എന്നാണ് അവകാശവാദമെന്നും ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നും പരിക്കേറ്റ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു.
ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്ന് വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതെന്ന് പരാതിയില്‍ പറയുന്നു. തടയാന്‍ ചെന്ന ഭര്‍ത്താവിനും മര്‍ദനമേറ്റെങ്കിലും പരിക്കില്ല. ഇയാള്‍ വന്ന കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍നിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തില്ലെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
അമ്മായി അമ്മയ്ക്ക് ആണ് സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോഹിക്കുകയാണെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടുമെന്നും ഭക്ഷണം പോലും നല്‍കാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. രണ്ടാം തവണയാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് യുവതി പറയുന്നു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:
നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തുനിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ.. ന്റെ അമ്മയുടെ കാമുകന് തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊല്ലാന്‍ ശ്രമിച്ചത്. ഇതവളുടെ പ്രൊഫൈല്‍ ആണ്. അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3, 4 എല്ലുകള്‍ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍.
എന്നാല്‍ ഇതൊക്കെ ചെയ്ത ആള് ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആള് വലിയ ബിജെപി കാരനാണ്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാന്‍ വരുമ്ബോള്‍ മാത്രം ആണവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട് അവള് റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്ലെറ്റില് നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാന്‍ നിസ്സഹായന് ആരുന്നു).
ഡിസംബര്‍ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് അവളെ പട്ടിക കോല് വെച്ച് തല്ലി. ഈ 6 മാസത്തിനിടെ അവള് സമാധാനം സന്തോഷം എന്താണെന് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്ത് ഭര്‍ത്താവ് ആടോ താന്‍ എന്ന്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവര്‍ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലില്‍. ഞാന്‍ തല്ലിലേലും അവര്‍ അങ്ങനെ വരുത്തി തീര്‍ക്കും. ഞാന്‍ നിസ്സഹായ അവസ്ഥയില്‍ ആണ്.
നിങ്ങള്ക് മാത്രെ ഇനി അവള്‍ക് നീതി വാങ്ങി കൊടുക്കാന്‍ സാധിക്കു. എന്നെ കൊണ്ട് വിളിക്കാന്‍ പറ്റുന്ന എല്ലാരേം ഞാന്‍ വിളിച്ചു. പക്ഷെ ആരെയൊക്കെ വിളിച്ചിട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയില്‍ വന്നാല്‍ മാത്രമേ ഇനി അവള്‍ക്ക് നീതി കിട്ടോളൂ. അതിനാല്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്ര നേരം ആയിട്ടും അയാള്‍ സ്വാതന്ത്രന് ആയി നടക്കുകയാണ്..