കോട്ടയം: നഗരമധ്യത്തില്‍ വീണ്ടും സ്ത്രീകള്‍ക്കുനേരെ അതിക്രമം. യുവാവിനെ പെണ്‍കുട്ടികളും പിങ്ക് പൊലീസും ചേര്‍ന്ന് ഓടിച്ചിട്ടുപിടികൂടി.ഇടുക്കി നെടുങ്കണ്ടം നെടുവാതിലില്‍ ബെന്നി വര്‍ഗീസ് (34)ആണ് പിടിയിലായിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. കുറവിലങ്ങാടുനിന്നുള്ള പെണ്‍കുട്ടികള്‍ സിനിമ കാണാനായിട്ടാണ് നഗരത്തിലെത്തിയത്. സ്റ്റാന്‍ഡില്‍ ബസിറങ്ങി തിയറ്റര്‍ റോഡിലൂടെ നടക്കുമ്ബോള്‍ പുറകെയെത്തിയ ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, പെണ്‍കുട്ടികള്‍ ഇയാളെ വിടാതെ പിന്തുടര്‍ന്നു. ഇതിനിടയില്‍ ധരിച്ചിരുന്ന ഷര്‍ട്ട് മാറ്റി ഇയാള്‍ ബാഗിലുണ്ടായിരുന്ന മറ്റൊരു ഷര്‍ട്ടിട്ടു. ഷര്‍ട്ട് മാറിയെങ്കിലും ഇയാളെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന പിങ്ക് സേനാംഗങ്ങളായ താനിയയും സബീനയും കുട്ടികള്‍ക്കൊപ്പം ഓടി. എല്ലാവരും ചേര്‍ന്ന് ഇയാളെ പിടികൂടി.