കൊച്ചി: യുക്രൈന് പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.
ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.ഇതേ രീതി തുടര്‍ന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പവന് വീണ്ടും 40000 ല്‍ എത്തും.റഷ്യ യുക്രെയ്ന് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുതിക്കാനാണു സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളറിന്റെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറും. കഴിഞ്ഞ 2 ആഴ്ചകൊണ്ട് സ്വര്‍ണവില 2000 രൂപയാണ് കൂടിയത്. യുദ്ധസാഹചര്യങ്ങള്‍ക്ക് അയവു വരാതിരിക്കുകയും ആഗോള വിപണികളിലെ പ്രതിസന്ധി തുടരുകയും ചെയ്താല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപ മറികടക്കും.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ ഉയര്‍ന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.
രാജ്യാന്തര തലത്തില്‍ യുദ്ധമോ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടാകുമ്ബോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു കൂടുമാറുന്നത് പതിവാണ്. എന്നാല്‍ യുക്രെയ്ന്റഷ്യ യുദ്ധം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്വര്‍ണവിലയില്‍ വലിയ വര്‍ധനവുണ്ടായിരുന്നില്ല. സ്വര്‍ണവില ഉയര്‍ന്നെങ്കിലും ഇടയ്ക്ക് നിക്ഷേപകര്‍ ഓഹരിയിലേക്കു തിരിച്ചുവരവു നടത്തിയതിനെ തുടര്‍ന്നു വില കുറഞ്ഞിരുന്നു.അസംസ്കൃത എണ്ണവില പിടിവിട്ടു കുതിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തെ കൈവിടില്ലെന്ന സൂചനയാണ് ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്നത്. യുദ്ധസാഹചര്യങ്ങള്‍ രൂക്ഷമാകുന്നതാണ് കാരണം. ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്നാണ് വന്‍കിട നിക്ഷേപകരുടെ വിശ്വാസം. സ്വര്‍ണത്തോടൊപ്പം മറ്റു വിലയേറിയ ലോഹങ്ങളുടെയും വില ഉയരുകയാണ്.
കഴിഞ്ഞ 9 മാസമായി സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1780-1880 ഡോളര്‍ വില നിലവാരത്തില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണം. എന്നാല്‍ യുദ്ധം മുറുകുകയും യുദ്ധം അവശേഷിപ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ആഗോള വിപണിയില്‍ തുടരുകയും ചെയ്യുമെന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ട്രോയ് ഔണ്‍സിന് 1970 ഡോളറിലേക്കു വില ഉയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2000 ഡോളര്‍ എന്ന നിര്‍ണായക നിലവാരം മറികടക്കാനുള്ള സാധ്യതകളാണു വിപണിയില്‍ നിലനില്‍ക്കുന്നത്. 2000 ഡോളര്‍ വീണ്ടും മറികടന്നാല്‍ വില പിടിവിട്ടു കുതിക്കും. ‘സ്വിഫ്റ്റി’ല്‍നിന്ന് റഷ്യയെ പുറത്താക്കിയതോടെ രാജ്യാന്തര വ്യാപാരത്തിന് ഡോളറിനു പകരം റഷ്യ സ്വര്‍ണം ഉപയോഗിച്ചേക്കാമെന്ന നിഗമനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് ആഗോള തലത്തില്‍ സ്വര്‍ണവില കൂട്ടുന്ന തീരുമാനമാകും.
രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര വിപണില്‍ സ്വര്‍ണവില 2150 ഡോളര്‍ നിലവാരത്തില്‍ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങളുമുണ്ട്. 2150 ഡോളറിലേക്ക് സ്വര്‍ണവില എത്തിയാല്‍ ദേശീയ ബുള്യന്‍ വിപണിയില്‍ സ്വര്‍ണവില (10 ഗ്രാമിന്) 49,500 മുതല്‍ 57,000 രൂപ വരെ എത്തിയേക്കും. അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40000 കടന്നു മുന്നേറും. യുദ്ധഭീഷണി വരും ആഴ്ചകളിലും തുടരുകയാണെങ്കില്‍ പവന് വില 42000 എന്ന റെക്കോര്‍ഡും തകര്‍ക്കും.
മാര്‍ച്ച് ആദ്യ വാരത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധന 1360 രൂപയുടേതാണ്. ഫെബ്രുവരി ആദ്യം പവന് 35,920 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഇപ്പോള്‍ 13 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ജനുവരി 1ന് 36,360 രൂപയായിരുന്ന വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10ന് 35,600 രൂപയിലേക്കെത്തി. 2020 ഓഗസ്റ്റ് 7ന് ആണ് കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില വന്നത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. കോവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ മുരടിപ്പായിരുന്നു അന്നത്തെ വിലക്കയറ്റത്തിനു കാരണം.
അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍ മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സ്വര്‍ണം ഒരെണ്ണത്തില്‍ 35 രൂപയായിരുന്ന ഹോള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ ഇനി ഹോള്‍മാര്‍ക്കിങ് ചാര്‍ജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നല്‍കണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.
കുറഞ്ഞ നിരക്കില്‍ ഹാള്‍ മാര്‍ക്ക് ചെയ്തു നല്കാന് ഇന്ത്യയിലുടനീളം ഹാള്‍മാര്‍ക്കിങ്, അസെയ്യിങ് സെന്ററുകള്‍ തുറക്കാന്‍ സംഘടനകള്‍ തന്നെ തയ്യാറായി വരുമ്ബോള്‍ ഹാള്‍മാര്‍ക്കിങ് നിരക്ക് വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓള് ഇന്ത്യ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ലാത്തപ്പോള്‍ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോള്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് ഉള്ളതിനാല്‍, കോടിക്കണക്കിന് സ്വര്ണാഭരങ്ങള് ഹാള്‍ മാര്‍ക്ക് ചെയ്യുന്നതു കൊണ്ട് എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. അതിനാല്‍ നിരക്ക് കുറയ്ക്കണമെന്ന് പൊതുവെ ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ്, നിരക്ക് 30% വര്‍ദ്ധിപ്പിച്ചത്. ഹോള്‍മാര്‍ക്കിങ് നിരക്ക് 35 രൂപയില്‍ നിന്ന് 45 രൂപയായി വര്‍ദ്ധിപ്പിച്ചത് അന്യായമാണെന്നും അസോസിയേഷന് പറഞ്ഞു.
അതേസമയം വില ഉയര്‍ന്നതോടെ കേരളത്തില്‍ സ്വര്‍ണാഭരണ വില്പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.വില കൂടിയതോടെ സ്വര്‍ണം വില്‍ക്കാനെത്തിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവാഹാവശ്യത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി സ്വര്‍ണം വാങ്ങാനുള്ളവരാണ് ഇപ്പോള്‍ കടകളിലെത്തുന്നത്.സ്വര്‍ണത്തിനൊപ്പം വജ്രാഭരണങ്ങളുടെ വില ഉയര്‍ന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളി വിലയിലും വര്‍ധനവുണ്ട്.കിലോഗ്രാമിന് 73,400 രൂപയാണു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4000 രൂപയായി ഉയര്‍ന്നിട്ടുണ്ട്. നികുതിയും കുറഞ്ഞ പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഇപ്പോള്‍ 41,000 രൂപയ്ക്കു മുകളില്‍ ചെലവു വരുന്നുണ്ട്.