കൊച്ചി | പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി.
മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവ് നല്‍കിയത്. പ്രായപരിധി പിന്നിട്ട 13 പേരയാണ് ഒറ്റയടിക്ക് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.സി പി എം കൊച്ചി സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്ബ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. പി കരുണാകരന്‍ വൈക്കം വിശ്വസന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍ തുടങ്ങിയവരെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരില്‍ ജി സുധാകരനടക്കമുള്ള ചിലരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.
89 അംഗങ്ങളാണ് സി പി എം സംസ്ഥാന സമിതിയിലുള്ളത്. എം എം മണി, പി കരുണാകരന്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണപിള്ള, കെ പി സഹദേവന്‍, എം ചന്ദ്രന്‍, സി പി നാരായണന്‍, കെ ജെ തോമസ്, കെ വി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. 20 ഓളം പേര്‍ പുതുതായി സംസ്ഥാന സമിതിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറെയും യുവാക്കളായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സമിതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് തിരഞ്ഞെടുത്തേക്കും. സെക്രട്ടേറിയറ്റിലും പല പ്രമുഖരേയും മാറ്റിനിര്‍ത്തുമെന്നാണ് വിവരം. എം സ്വരാജ് അടക്കമുള്ള യുവാക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തുമെന്നാണ് വിവരം.