പാലക്കാട് ∙ മലമ്ബുഴ ചെറാട് കൂമ്ബാച്ചിമലയില്‍ കയറി അപകടത്തില്‍പ്പെട്ട ബാബു ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി സാധാരണ പോലെ ഉഷാറായി.
മലയുമായുള്ള പരിചയവും ആ അന്തരീക്ഷവുമായുള്ള പൊരുത്തവും മനഃസാന്നിധ്യവുമാണ് അപകടത്തില്‍പ്പെട്ടിട്ടും 45 മണിക്കൂറോളം മലപൊത്തില് ധൈര്യത്തോടെ നിലയുറപ്പിക്കാന്‍ ബാബുവിനെ സഹായിച്ചത്.
കാല്വഴുതിവീണതിനെ തുടര്‍ന്ന് മലയുടെ പൊത്തില്‍ ഇരുന്നു ബാബുതന്നെ മൊബൈലില്‍ അഗ്നിരക്ഷാസേനയെയും പൊലീസിനെയും കൂട്ടുകാരെയുമൊക്കെ വിവരമറിയിച്ചതിനാലാണ് അയാളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ ആരംഭിക്കാനായത്. വിവരം താമസിയാതെ പുറംലോകം അറിഞ്ഞതോടെ നാടു തന്നെ ജാഗ്രതയിലുമായി. ഒടുവില്‍ കരസേനയുടെ പ്രത്യേകസംഘമെത്തി യുവാവിനെ താഴെയെത്തിക്കുകയും ചെയ്തു. തീരസംരക്ഷണസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണസേനയുമെല്ലാം അതിനു വഴിയൊരുക്കി.
പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും ഉള്‍പ്പെടെ രക്ഷാനടപടിക്കുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം തയാറാക്കി. ഇത്തരത്തില്‍ സന്ദര്‍ഭോചിതമായി നിരവധിപേര്‍ നടത്തിയ ഇടപെടലുകളിലാണ് ബാബുവിന്റെ ജീവന് അപകടത്തില്‍നിന്നു രക്ഷിക്കാനായത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം, തനിക്കുപറ്റിയ അപകടം തിരിച്ചറിഞ്ഞ ബാബു, ഇനിയാരും ഇങ്ങനെ സാഹസികമായി മലകയറാന്പോകരുതെന്ന വലിയ സന്ദേശവും സമൂഹത്തിനു നല്കി. മലകയറാന്‍ നല്ല ഒരുക്കം വേണമെന്നും ആവര്‍ത്തിച്ചു നിര്‍ദേശിച്ചു.