പത്തൊമ്ബതാം വയസില്‍ ഇതരമതസ്ഥനുമായുള്ള പ്രേമം തലയ്ക്ക് പിടിച്ച്‌ വീടുവിട്ട യുവതിയെ കാത്തിരുന്നത് ദുര്‍മരണം

കോഴിക്കോട്: പത്തൊമ്ബതാം വയസ്സില്‍ അന്യനാട്ടുകാരനും ഇതരമതസ്ഥനുമായ യുവാവിനെ പ്രണയിച്ച്‌ വീട് വിട്ടിറങ്ങിയപ്പോള്‍ സന്തോഷം നിറഞ്ഞ പുതുജീവിതമായിരുന്നു മഹാരാഷ്ട്രക്കാരിയായ ജിയറാം ജലോട്ടിന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ബന്ധം തകര്‍ന്ന് സമനില തെറ്റി അലഞ്ഞ് ഒടുവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിപ്പെട്ട ജിയറാം ജലോട്ടിന് മുപ്പതാംവയസ്സില്‍ സെല്ലില്‍ കൊല്ലപ്പെടാനായിരുന്നു വിധി.

മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ജിയറാം തലശ്ശേരി പിണറായി കുനിയില്‍പീടികയില്‍ സിറാജിനെ പ്രണയിച്ച്‌ ഒളിച്ചോടിയതായിരുന്നു. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ അന്യനാട്ടുകാരനെന്നതോ, ഇതര മതക്കാരനെന്നതോ ഒന്നും തടസ്സമായില്ല. ജിയറാം പെട്ടെന്നൊരു നാള്‍ ഇറങ്ങിപ്പോയതോടെ വീട്ടുകാര്‍ വല്ലാത്ത ആഘാതത്തിലായിരുന്നു.

വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷമാണ് സിറാജ് ഭാര്യയുമായി പിണറായിയില്‍ എത്തുന്നത്. ഒപ്പം ഒരു മകളുമുണ്ടായിരുന്നു. മകന്റെ ഭാര്യ അമുസ്ളിമാണെന്ന് അറിഞ്ഞതോടെ വല്ലാത്ത വിഷമത്തിലായി. വൈകാതെ ജിയറാമിനെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റി. പിന്നീട് സിറാജും കുടുംബവും മഹാരാഷ്ട്രയിലേക്ക് തന്നെ മടങ്ങി. എന്നാല്‍, അവിടെയെത്തി ഏറെ കഴിയുംമുമ്ബേ യുവതി തിരിച്ച്‌ ഹിന്ദുവായതായി പറയുന്നു.

നാലു വര്‍ഷം മുമ്ബ് സിറാജ് നാട്ടില്‍ വന്നപ്പോള്‍ ഭാര്യയോ മകളോ ഒപ്പമുണ്ടായിരുന്നില്ല. തിരിച്ചുപോയ ശേഷം ഒരു വിവരവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ജനുവരി ആറിനാണ് ജിയറാം വീണ്ടും പിണറായിയിലെ വീട്ടില്‍ എത്തുന്നത്. കുറച്ചായി സിറാജിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും കൂടെയുള്ള ഒന്നര വയസ്സുകാരന്‍ തങ്ങളുടെ മകനാണെന്നും പറഞ്ഞു. നാട്ടിലെത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവതി പിന്മാറാന്‍ കൂട്ടാക്കിയില്ല. പിണറായി പൊലീസ് സ്റ്റേഷനില്‍ ചെന്ന് തന്റെ ഭര്‍ത്താവിനെ ഏങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് അപേക്ഷിച്ചു. പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും സിറാജ് സ്ഥലത്തില്ലെന്നു തന്നെയായിരുന്നു മറുപടി. ഒടുവില്‍ പൊലീസുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ടിക്കറ്റിനുള്ള പണം കൊടുത്ത് മഹാരാഷ്ട്രയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, യുവതി നാട്ടിലേക്ക് തിരിച്ചുപോയില്ല. സമനില തെറ്റിയ അവസ്ഥയില്‍ തലശ്ശേരിയിലും പരസരങ്ങളിലുമായി അലയാന്‍ തുടങ്ങി. ഒന്നര വയസുകാരനെ ഒരു ദിവസം ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു നാട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് എത്തി കുട്ടിയെ ശിശുമന്ദിരത്തിലേക്കും യുവതിയെ മഹിളാമന്ദിരത്തിലേക്കും മാറ്റി. ഒരു ദിവസം കൊണ്ടു തന്നെ യുവതി മഹിളാമന്ദിരത്തില്‍ നിന്നു കടന്നു. പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തി ബഹളം വച്ചതോടെയാണ് തലശ്ശേരി പൊലീസ് കുതിരവട്ടത്ത് എത്തിച്ചത്.

Related posts

Leave a Comment