ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി; ഒരു വ്യക്തിക്കായുള്ള കേരള ചരിത്രത്തിലെ വലിയ രക്ഷാദൗത്യം. സൈനികന്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു

പാലക്കാട് | മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായി രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്.

ബാബുവിന് അടുത്തെത്തിയ രക്ഷാദൗത്യ സംഘം വെള്ളവും ഭക്ഷണവും നല്‍കി. 9.10 ഓടെയാണ് വെള്ളം ബാബുവിന് നല്‍കാന്‍ കഴിഞ്ഞത്. ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് കൈമാറി. ബാബു കുടുങ്ങി 40 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.

റോപ്പ് ഉപയോഗിച്ചാണ് സൈന്യം ബാബുവിന് അടുത്തേക്ക് മല ഇറങ്ങുന്നത്. ബാബു നില്‍ക്കുന്നതിന് സമാന്തരമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ബാബു പൂര്‍ണ ആരോഗ്യവനാണ്. എഴുനേറ്റ് നില്‍ക്കുന്നുണ്ട്. ഡ്രോണ്‍ ക്യാമറയെ നോക്കി ബാബു പുഞ്ചിരിക്കുന്ന പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ സര്‍ക്കാറിന്റെ എല്ലാ ഫോഴ്‌സും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കോയമ്ബത്തൂരില്‍ നിന്ന് വലിയ ഒരു ഡ്രോണ്‍ എത്തിച്ച്‌ ബാബുവിന് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്.

ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മല ഇറങ്ങി ഇവര്‍ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

 

Related posts

Leave a Comment