കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിത എസ്.ഐയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു.
ഗോവിന്ദപുരം സ്വദേശി കള്ളിക്കുന്ന് അമ്ബാടി അനില്‍കുമാറിനെതിരെയാണ് (37) കേസെടുത്തത്.
പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഗോവിന്ദപുരത്തെ ചിക്കന്‍ സ്റ്റാളിന് മുന്നിലെ റോഡിന് നടുവിലായി ഇയാള്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു.
വാഹനം റോഡില്‍നിന്ന് മാറ്റാന്‍ ഇതുവഴിയെത്തിയ പൊലീസ് ആവശ്യപ്പെട്ടു. റോഡില്‍നിന്ന് പാതി മാത്രം ഇറക്കി പാര്‍ക്ക് ചെയ്ത അനില്‍കുമാറിനോട് വണ്ടിയുടെ രേഖകള്‍ ആവശ്യപ്പെട്ടു. വാഹനം തന്റേതാണെന്നും രേഖകളും വിലാസവും നല്‍കാനാകില്ലെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ച് പൊലീസ് വിലാസം കണ്ടെത്തി. ഇതെല്ലാം ചോദിക്കാന്‍ പൊലീസാരെന്നും പെണ്ണല്ലെങ്കില്‍ കാണിച്ചു തരുമായിരുന്നു എന്നും ഇയാള്‍ ആക്രോശിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് യഥാര്‍ഥ പേരും വിലാസവും നല്‍കിയത്.