കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.
കാക്കനാട്ടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. ബിസിനസുകാരനെ കെണിയില്‍പ്പെടുത്തിയ ഷിജി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 38 ലക്ഷം രൂപ തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പരാതിയുമായി എത്തിയത്.
സുഹൃത്തു വഴിയാണ് ഈ ബിസിനസുകാരന് ഷിജിയെ പരിചയപ്പെട്ടത്. ഷിജി ക്ഷണിച്ചത് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന് പൊലീസിനെ സമീപിച്ചത്.
ആറ് വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന് ഷിജിയുടെ ഫ്ളാറ്റില്‍ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ളാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.