ചാരുംമൂട്: ചൊവ്വാഴ്ച രാവിലെ താമരക്കുളം ഗ്രാമം കേട്ടത് ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും വീട്ടില്‍ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെന്ന വാര്‍ത്തയായിരുന്നു.
കിഴക്കേമുറി പച്ചക്കാട് കലാഭവനത്തില്‍ ശശിധരന് പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കള്‍ കലമോള് (33), മീനുമോള് ( 32 )എന്നിവര്‍ മരിച്ചത് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മക്കളെയും അമ്മയെയും കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതുമാത്രമാണ് പറയാനുള്ളത്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയിലാണ് പ്രസന്നക്കും മക്കള്‍ക്കുമുള്ള പ്രഭാത ഭക്ഷണവുമായി ഈ വീട്ടിലെത്തിയത്. ജനല്‍ ചില്ലുകള്‍ പൊട്ടിയതും ഭിത്തിയില്‍ കരിപുരണ്ടതും കണ്ട സുജാത വാതില്‍ തുറന്നപ്പോഴാണ് മൂവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിയനിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നാട്ടുകാരെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരന് പിള്ളയും ഭാര്യ പ്രസന്നയും. സംഭവം നടക്കുമ്ബോള്‍ വെരിക്കോസ് വെയിന്‍ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്ന ശശിധരന് പിള്ള ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. പ്രസന്ന തൊഴിലുറപ്പ് തൊഴിലിന് പോയും പശുവളര്‍ത്തിയുമാണ് കുടുംബം നോക്കിയിരുന്നത്. രണ്ടു മക്കളെ അടുത്തുള്ള ബഡ്സ് സ്കൂളില്‍ ചേര്‍ത്തിരുന്നു.
സംഭവമറിഞ്ഞ് വീട്ടില്‍ എത്തി എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുന്ന ശശിധരന് പിള്ളയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായില്ല. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭര്‍ത്താവിന്റെ രോഗവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 ഓടെ സമീപത്തുള്ള റോഡിലൂടെ പോകുമ്ബോള്‍ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി പറയുന്നു.
സംഭവം അറിഞ്ഞ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ രണ്ട് മണിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, എസ്.പി. ട്രെയിനി ടി.ഫ്രാഷ്, ഡിവൈ.എസ്.പി ഡോ.വി.ആര്.ജോസ്, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സാബു, സി.ഐ വി. ആര്. ജഗദീഷ്, എസ്.ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി.
എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനു ഖാന്, പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ സജി, ദീപ, തഹസില്‍ദാര്‍ എസ്, സന്തോഷ് കുമാര്‍, ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, ജി. രാജമ്മ, ബി.ബിനു തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിരവധി പേര് സ്ഥലത്തെത്തിയിരുന്നു