അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ തേടി പൊലീസ്.
വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം എംഎസ്എച്ച്എസ്എസിന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും അസറുദ്ദീന് റഷീദാണ് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്.
ജനുവരി 20 ന് പകല്‍ 12 ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന് വധൂഗൃഹത്തില്‍ നിന്നും ബൊലീറോ ജീപ്പില്‍ കയറിപ്പോയത്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ നവവരന് പോകാറില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണ് അപകടത്തില്‍പ്പെട്ടതെന്നും സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീന് പോയതെന്ന് വധുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യമൊക്കെ എടുത്തു. ആശുപത്രിയിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫായി.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. ആ വീട്ടില്‍ അടച്ചുറപ്പുള്ള മുറിയെന്ന നിലയില്‍ മണിയറയിലാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. ഇതാണ് അസറുദ്ദീന് എടുത്തു കൊണ്ടുപോയതത്രേ.
തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്കി. വരന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ഓടിപ്പാഞ്ഞ് സ്ഥലത്ത് വന്ന മാതാപിതാക്കള്‍ മകന്റെ ചെയ്തിയോര്‍ത്ത് തളര്‍ന്നിരുന്നു. വിശദമായി അന്വേഷിച്ചപ്പോള്‍ അസറുദ്ദീന് മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ ആണയിട്ട് പറയുന്നു. ഉത്തരേന്ത്യന്‍ സ്വദേശിനിയുമായിട്ടാണ് ഇയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് ഇന്ന് വധുവിന്റെ മൊഴി എടുക്കും.