പ്രതികള്‍ ഒത്തുകൂടിയത് എറണാകുളം എംജി റോഡിലെ മേത്ത‌ര്‍ ഹോംസിന്‍റെ ഫ്ലാറ്റില്‍; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു.

എറണാകുളം എംജി റോഡിലെ മേത്ത‌ര്‍ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

തന്‍റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദീലിപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച്‌ കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ര്‍ മാസത്തിലാണ് ഇവ‍ര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍.

എംജി റോഡില്‍ ഷിപ് യാ‍ര്‍ഡിന് അടുത്തായി മേത്തര്‍ ഹോസിംന്‍റെ അപ്പാ‍ര്‍ട്മെന്‍റ് സമുച്ചയത്തില്‍ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച്‌ ആലോചനകള്‍ നടന്നത്.

ഈ സമയത്തെ മൂവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥീരീകരിക്കുന്ന ഫ്ലാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍ നടന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ സാന്നിധ്യത്തില്‍ ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് ശാപവാക്കുകള്‍ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ഇതുവഴി ശ്രമിക്കുന്നത്.

ഇതിനിടെ ദിലീപിന്‍റെ മുന്‍ ഭാര്യ മഞ്ജുവാരിയരില്‍നിന്നും അന്വേഷണസംഘം ഫോണിലുടെ വിവരങ്ങള്‍ തേടിയെന്നാണ് സൂചന. മുന്‍ ഭാര്യയും അഭിഭാഷകരുമായുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉളളതിനാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നായിരുന്നു ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ സ്വീകരിച്ച നിലപാട്.

Related posts

Leave a Comment