ന്യൂഡല്‍ഹി: ആദായ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്താനാണ് തീരുമാനം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 30ല്‍ നിന്നും 35 ശതമാനമാക്കി ഉയര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ല.
നിലവില്‍ 50,000 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. കോവിഡ് മൂലം മെഡിക്കല്‍ ചെലവുകള്‍ ഉള്‍പ്പടെ ഉയര്‍ന്നതിനാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ മാറ്റം വരുത്തണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന് ഉള്ളതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗൗരവമായി ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. നേരത്തെ വ്യവസായസംഘടനകള്‍ ഉള്‍പ്പടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.