പട്ടാമ്ബി: ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ക്ഷേത്ര കമ്മിറ്റി തടഞ്ഞു.
ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ ചുമതലയേല്‍ക്കാനെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസറെയാണ് തടഞ്ഞത്. ഭജനയും കുത്തിയിരിപ്പുമായി കുട്ടികളും സ്ത്രീകളും പിന്തുണ നല്‍കിയതോടെ പ്രതിഷേധം കനത്തു.
ദേവസ്വം ബോര്‍ഡ് നടപടി പ്രതീക്ഷിച്ചിരുന്നതിനാല്‍ രാവിലെ മുതല്‍ ഹൈന്ദവ സംഘടനകള്‍ ക്ഷേത്രത്തില്‍ ഭജന ചൊല്ലി പ്രതിഷേധം ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംഘടന ഭാരവാഹികളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി.
ഏറ്റെടുക്കലിനെതിരെ ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഡിസംബര്‍ ഏഴിന് വിധി വരാനിരിക്കെ ബോര്‍ഡിെന്റ തിരക്കിട്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, കോടതി വിധി വരുന്നത് വരെ കാത്തു നില്‍ക്കാനാകില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമായി നടപ്പാക്കുമെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനിന്നു.
രണ്ടു കൂട്ടരും നിലപാട് കടുപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി. സുരേഷിെന്റ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
പൊലീസ് നിര്‍ദേശപ്രകാരം ദേവസ്വം ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കാതെ തിരിച്ചുപോയി. കൂടുതല്‍ ഫോഴ്സുമായി അടുത്ത ദിവസം വീണ്ടും വരുമെന്നും ഉത്തരവ് നടപ്പാക്കുമെന്നും ദേവസ്വം അസി. കമീഷണര്‍ വിനോദ് കുമാര്‍ പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ നാരായണന് നമ്ബൂതിരി, തഹസില്‍ദാര്‍ ടി.പി. കിഷോര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി. സുരേഷ്, കടപറമ്ബത്ത് കാവ് മാനേജര്‍ അണ്ടലടി മന പരമേശ്വരന് നമ്ബൂതിരി, കിരാതമൂര്‍ത്തി നമ്ബൂതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി മുരളി, ജില്ല സെക്രട്ടറി ശ്രീരാമകൃഷ്ണന്, ഗോപി പൂവക്കോട്, മണികണ്ഠന്, സനൂഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
2019ലാണ് ദേശകമ്മിറ്റിക്കാരില് ചിലര്‍ ക്ഷേത്രത്തില്‍ ആചാരവിരുദ്ധമായും വിശ്വാസങ്ങള്‍ വ്രണപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ഉന്നയിച്ചത്. പരാതിയില്‍ അന്വേഷണം നടത്തി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച് ഉത്തരവിടുകയായിരുന്നു.