ചേര്‍പ്പ്: ചേര്‍പ്പില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂര്‍ക്കനാട് വിജയെന്റ ഭാര്യ സൗമ്യയുടെ ഗര്‍ഭസ്ഥ ശിശു ആശുപത്രിയില്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് കാട്ടി ചേര്‍പ്പ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്കി.
വ്യാഴാഴ്ച രാവിലെ 11.15 മുതല്‍ ഗര്‍ഭസ്ഥ ശിശുവിന് ചലനം അനുഭവപ്പെടാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ഡോക്ടറെ അറിയിച്ചു. ലേബര്‍ റൂമിലേക്ക് പോകാനാണ് ഡോക്ടര്‍ പറഞ്ഞത്. ലേബര്‍ റൂമിലുണ്ടായിരുന്നവര്‍ തിരിച്ച് ഡോക്ടറുടെ അടുത്തേക്കുതന്നെ അയച്ചുവെന്ന് പരാതിയില്‍ പറയുന്നു. വീണ്ടും ലേബര്‍ റൂമില്‍ ചെന്നപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും ചായ കഴിച്ച് അവിടെത്തന്നെ കുറച്ച് നേരം നടന്നാല്‍ മതിയെന്നും പറഞ്ഞുവത്രെ.
രാത്രി 8.30ന് പൊടുന്നനെ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് തിയറ്ററിലേക്ക് കൊണ്ടുപോകുകയും ഒമ്ബതോടെ കുട്ടി മരിച്ചതായി അറിയിക്കുകയുമായിരുന്നു. താന്‍ വീട്ടിലേക്ക് പോകുന്നത് വരെ കുട്ടിക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നുവെന്നും 8.30ഓടെ ഹൃദയമിടിപ്പ് കുറയുന്നുവെന്ന വിവരം കിട്ടിയതിനാല്‍ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി മരിച്ചുവെന്നും ഡോക്ടര്‍ പറയുന്നു.
ജലാംശം കുറവായതാകാം മരണ കാരണമെന്നും പറഞ്ഞു. എന്നാല്‍, 10 ദിവസം മുമ്ബ് പരിശോധിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.