കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിംഗ്; ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍ : നെഹര്‍ കോളേജ് വിദ്യാര്‍ത്ഥി പി.അന്‍ഷാദിനെ റാഗിംഗിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരെയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച്‌ മടങ്ങിയെത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അന്‍ഷാദിനെ ടോയ്‌ലറ്റില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്.

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് മര്‍ദിച്ചതെന്നാണ് പരിക്കേറ്റ അന്‍ഷാദ് പറയുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുയായിരുന്നു. അടുത്തസംഘം തല ചുവരിലിടിപ്പിച്ചും നെഞ്ചിലും തലയിലും ഒരുപാട് തവണ ചവിട്ടുകയും ചെയ്‌തെന്ന് അന്‍ഷാദ് പറയുന്നു. ആദ്യം അടിപിടി കേസായിട്ടാണ് ചക്കരക്കല്‍ പൊലീസ് അന്വേഷിച്ചതെങ്കിലും ക്രൂരത മനസിലായതോടെയാണ് റാഗിംഗിന്റെ പേരില്‍ കേസെടുത്തത്.

Related posts

Leave a Comment