തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്ത്.
തിയറ്ററുകളില്‍ കരങ്കൊടി മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക് ജനറല്‍ ബോഡി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ രാജി ചര്‍ച്ച ചെയ്യും. അതേസമയം മരക്കാറിന് പിന്നാലെ ദിലീപ് ചിത്രം കേശി ഈ വീടിന്റെ നാഥനും ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് ആണെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചിരുന്നു.
സിനിമാ തീയറ്ററുകള്‍ അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയിലേക്ക് പോയാലും നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. ആശിര്‍വാദ് നിര്‍മിക്കുന്ന അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോകുന്നത്. മരക്കാര്‍, ബ്രോ ഡാഡി, 12ത് മാന്‍, എലോണ്‍, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒടിടി റിലീസി ഒരുങ്ങുന്നത്. ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ സിനിമാ തിയറ്ററുകളോ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് എന്ന സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മരക്കാറിനുവേണ്ടിയല്ലെന്നും മറിച്ച് കുറുപ്പിനുവേണ്ടിയാണ് സമീപകാലത്ത് കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് മിനിമം രണ്ടാഴ്ചയെങ്കിലും കേരളത്തിലെ 450 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ഫിയോകിന്റെ തീരുമാനം.