എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിന് മുന്നില്‍ ഹീറോയാകാന്‍ പാടില്ലെന്നായിരുന്നു എന്റെ ആവശ്യം: സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി ഞാന്‍ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയ്ക്കകത്ത് ഉണ്ട്- ജിതിന്‍ ചാക്കോ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്ന സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷനും, ദുല്‍ഖറിനോട് ദേഷ്യം തോന്നിയിരുന്നെന്നും ജിതിന്‍ ചാക്കോ.

എന്നാല്‍ താന്‍ സിനിമ കണ്ടുവെന്നും, അതിന് ശേഷം തനിക്ക് ഉണ്ടായിരുന്ന ദേഷ്യം മാറിയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ വ്യക്തമാക്കി.

ടീസര്‍ വന്നപ്പോള്‍ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്ബോഴാണ് കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോദ്ധ്യപ്പെടുത്തുന്നതിനായി സിനിമ കാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി.

അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്.

പൂര്‍ണമായും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുന്‍പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്.

ഞാന്‍ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിന് മുന്നില്‍ ഹീറോയാകാന്‍ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി.” ജിതിന്‍ പറയുന്നു.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന കുറുപ്പ് സിനിമ നവംബര്‍ 12നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment