പരാതി നല്‍കാനെത്തിയ ദളിത്‌ യുവാവിനെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്ത് പട്ടികജാതി കമ്മീഷന്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് പട്ടികജാതി കമ്മീഷന്‍. സംഭവത്തില്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എപ്പോഴും പൊലീസില്‍ നിന്ന് ഭീഷണി ഉണ്ടാകാറുണ്ടെന്ന് മര്‍ദ്ദനമേറ്റ കൊല്ലം തെന്‍മല സ്വദേശി രാജീവ് പറഞ്ഞു.

തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനില്‍ കെട്ടിയിടുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിലെ പരാതി നല്‍കാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതിയുടെ രസീത് ചോദിച്ചതിന് സിഐ രാജീവിന്റെ കരണത്തടിക്കുകയായിരുന്നു.

സ്റ്റേഷനില്‍ നടന്ന സംഭവങ്ങളെല്ലാം രാജീവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ഫോണില്‍ പതിഞ്ഞതോടെ പോലീസുകാര്‍ സ്റ്റേഷന്‍ ആക്രമണത്തിന് രാജീവിനെതിരെ കേസെടുത്ത് തന്ത്രപൂര്‍വ്വം ഫോണ്‍ കൈക്കലാക്കി, തൊണ്ടി മുതലാക്കി മാറ്റി. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസുകാര്‍ ഒത്തുതീര്‍പ്പിന് വന്നത്. രാജീവ് വഴങ്ങാതെ വന്നതോടെ ഭീഷണിയും തുടങ്ങിയിരുന്നു. പട്ടികജാതി കമ്മീഷന്റെ ഇടപെടലോടെ വലിയൊരു പ്രശ്നത്തില്‍ നിന്നാണ് രാജീവും കുടുംബവും കരകയറിയിരിക്കുന്നത്.

Related posts

Leave a Comment