ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് കണ്ടെത്തലുകൾക്കെതിരെ പരാതിക്കാരിയായ യുവതി. ഒരു സർക്കാർ ആശുപത്രിയിലും തന്നെ പരിശോധിച്ചില്ല.
കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് നിർബന്ധിതമായി വിടുതൽ രേഖ ഒപ്പിട്ടു വാങ്ങി. എസ്എടി ആശുപത്രിയിലും പരിശോധന ഉണ്ടായില്ല.
പ്രശ്നമൊന്നും ഇല്ലെന്ന് എസ്എടിയിൽ നിന്നും അറിയിച്ചു. എസ്എടി ആശുപത്രിയും വിടുതൽ രേഖ നിർബന്ധിതമായി എഴുതി വാങ്ങി.
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലൂടെയായിരുന്നു പരാതിക്കാരിയായ മീരയുടെ പ്രതികരണം. പാരിപ്പള്ളി സ്വദേശിനിയായ യുവതിക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്.
മൂന്ന് ആശുപത്രികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികൾക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.
ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിത്സ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്എടിയിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു കൊല്ലം ഡിഎം ഒയുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ല. എസ് എ എടിയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു