സാമ്ബത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഹെലികോപ്റ്റര്‍ വാടകക്ക് നല്‍കിയിരുന്ന കമ്ബനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു.
ഹെലികോപ്റ്ററിനായി ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.കഴിഞ്ഞ ഒരു വര്‍ഷം ഹെലികോപ്ടര്‍ വാടകയിനത്തില്‍ 22 കോടി ചെലവഴിച്ചെന്ന വിവരം പുറത്തുവന്നത് വിവാദമായിരിക്കെയാണ് വീണ്ടും ഹെലികോപ്ടറിനായി ടെണ്ടര്‍ വിളിക്കുന്നത്.
വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലികോപ്ടറിന്റെ ഒരു വര്‍ഷത്തെ വാടക സംബന്ധിച്ച ചെലവ് പുറത്തുവന്നത്. എന്നാല്‍ എന്തിനുവേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല.
ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉള്‍പ്പെടെ 22,21,51,000 രൂപ ചെലവായതായാണ് വിവരാവകാശരേഖപ്രകാരമുള്ള മറുപടി. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.
2020 ഏപ്രിലില്‍ ഡല്‍ഹി ആസ്ഥാനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ടതായിരുന്നു പാക്കേജ്.