‘പിണറായിയുടെ അടുക്കളക്കാരൻ ആകേണ്ടിവന്നാലും ചെരുപ്പുനക്കേണ്ടി വന്നാലും അഭിമാനം’

പാലക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍, മനസിനെ തളര്‍ത്തുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഒരുപാട് നാളത്തെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജി തീരുമാനമെന്നും ഗോപിനാഥ് പറഞ്ഞു. പാലക്കാട്ടെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം.

കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ഗോപിനാഥ് പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് താന്‍ തടസമാകരുതെന്നതാണ് രാജിക്കു പിന്നിലെ കാരണം. മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നത് തീരുമാനിച്ചിട്ടില്ല. സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം സഹകരണം തള്ളാതെ ഗോപിനാഥ് പറഞ്ഞു.

സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി അയിത്തമില്ല. കൂടെയുള്ള ആരോടും കോണ്‍ഗ്രസ് വിടാന്‍ പറയില്ല. പിണറായിയുടെ ചെരുപ്പ് നക്കേണ്ടി വന്നാലും അഭിമാനമാണ്. കേരളത്തിലെ ഏറ്റവും ചങ്കൂറ്റമുള്ള നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അടുക്കളക്കാരന്‍ ആകേണ്ടി വന്നാലും അഭിമാനമേയുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിനാഥ് പറഞ്ഞു.

ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധം: കെ. സുധാകരന്‍

ഡിസിസി അധ്യക്ഷ സ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ചു ഗോപിനാഥ് പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഗോപിനാഥിനെ ഒഴിവാക്കി എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനം ഉള്‍പ്പടെ വാഗ്ദാനം ചെയ്താണ് അനുനയിപ്പിച്ചിരുന്നത്. മുന്‍ ഡിസിസി പ്രസിഡന്റായ ഗോപിനാഥ് 25 വര്‍ഷം പെരിങ്ങോട്ടുക്കുറിശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1979 മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് പെരിങ്ങോട്ടുകുറിശിയുടേത്. ഇത്തവണ, 16 അംഗ ഭരണസമിതിയില്‍ 11 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഇവരെല്ലാം എ വി ഗോപിനാഥിനെ പിന്തുണയ്ക്കുന്നവരാണ്. ഗോപിനാഥിന്റെ രാജി പെരിങ്ങോട്ടുകുറിശിയുടെ ഭരണം ഇടതുപക്ഷത്തേക്കു മാറുമെന്ന സൂചനയാണു നല്‍കുന്നത്. പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് അംഗങ്ങളെയും ജില്ലയിലെ മറ്റു നേതാക്കളേയും കണ്ട ശേഷമായിരുന്നു ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.

Related posts

Leave a Comment