മലപ്പുറം: പ്ലസ്ടു വിദ്യാര്‍ത്ഥി പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പീഡനക്കേസില്‍ അകത്തായത് പൊലീസിന്റെ തിരക്കഥയെന്ന് മാതാപിതാക്കള്‍ മറുനാടനോട്. പൊലീസ് പറഞ്ഞു ചെയ്യിച്ച പോലെയാണ് തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പെരുമാറിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍കഴിയേണ്ടി വന്ന തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
സംഭവത്തെ പറ്റി ശ്രീനാഥിന്റെ മാതാവ് ശ്രീമതി പറയുന്നതിങ്ങനെയാണ്: അറസ്റ്റ് ചെയ്തുകൊണ്ടു പോയ ശേഷം കല്‍പ്പകഞ്ചേരി പൊലീസ് പെണ്‍കുട്ടിയുമായി വീട്ടിലെത്തി. തെളിവെടുപ്പിനായിട്ടായിരുന്നു എത്തിയത്. വീടിന് മുന്നില്‍ പകച്ചു നിന്ന പെണ്‍കുട്ടിയെ പൊലീസാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. അകത്തൊക്കെ പരിഭ്രമിച്ചു നോക്കുന്ന കുട്ടി ആദ്യം പോയത് അടുക്കളയിലേക്കാണ്. പിന്നീട് അടച്ചിട്ടിരുന്ന പൂജാമുറിയുടെ മുന്നില്‍ നിന്നു. പൂജാമുറിയാണെന്ന് ഞാന്‍ പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ പെണ്‍കുട്ടിയെ ശ്രീനാഥും സഹോദരനും ഉപയോഗിക്കുന്ന മുറിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ചാണ് പീഡനം നടത്തിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
ഏപ്രില്‍ 11 ന് ഉച്ചയോടെയാണ് ശ്രീനാഥ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കോലായിലേക്ക് കയറി മുറിയിലേക്ക് കൊണ്ടു പോയി എന്നും പറയുന്നു. എന്നാല്‍ ആ ദിവസം ഞായറാഴ്ചയായിരുന്നു. അന്ന് ഞാനും മൂത്ത മകനും വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഈ സമയം പെണ്‍കുട്ടിയുമായി എത്തി എന്നു പറയുന്നത് പച്ചക്കള്ളമാണ്. വീട്ടില്‍ എല്ലാവരും ഉള്ളപ്പോള്‍ ഒരു പെണ്‍കുട്ടിയുമായി വീടിനുള്ളിലേക്ക് കയറിപോയാല്‍ എല്ലാവരും കാണും. അതുമല്ലെങ്കില്‍ എപ്പോഴും തുറന്നു കിടക്കുന്ന മുറി അടഞ്ഞു കിടന്നാല്‍ തുറന്നു നോക്കും.
അപ്പോള്‍ തന്നെ ഇത് വ്യാജമായി കെട്ടിച്ചമച്ച കേസാണെന്ന് മനസ്സിലായി. കൂടാതെ പൊലീസ് തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പീഡനം നടന്നു എന്ന് പറയുന്ന മുറിയിലേക്ക് കയറാതെ അടുക്കളയിലേക്കും പൂജാമുറിയുടെ മുന്നിലും ചെന്ന് നിന്നതും പെണ്‍കുട്ടിക്ക് വീടറിയാത്തതിനാലാണ്. അതായത് മുന്‍പ് ഈ വീട്ടിലേക്ക് വന്നിട്ടില്ല. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് തന്നെ ഉപദ്രവിച്ച മുറി മനസ്സിലാവാതിരിക്കാന്‍ സാധ്യതയില്ല. അപ്പോള്‍ പൊലീസ് കാട്ടിക്കൊടുത്ത മുറിയിലേക്ക് കയറിപ്പോകുകമാത്രമാണ് ചെയ്തത്-; ശ്രീമതി പറഞ്ഞു.
ആരെയോ രക്ഷിക്കാനായി കരുതിക്കൂട്ടി ചെയ്തപോലെയാണ് കല്‍പ്പകഞ്ചേരി പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ശ്രീമതി പറയുന്നു. തെളിവെടുപ്പിനായി ശ്രീനാഥിനെ കൊണ്ടു പോയപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ ചെകിടിന് അടിക്കുയും കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചതായും പറയുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോയി വിശദമായി പരിശോധന നടത്തിയ ശേഷം കരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ടുകളടക്കം പൊലീസിനെതിരെ പരാതി നല്‍കുമെന്നും ശ്രീമതി മറുനാടനോട് പറഞ്ഞു. നിരപരാധിയായ മകന് സംഭവിച്ചതു പോലെ മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു ഗതി വരരുതെന്നും ശ്രീമതി കണ്ണീരോടെ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ ശ്രീനാഥിന് കോടതി ജാമ്യം അനുവദിച്ചത്. പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു. താനും ആ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂവെന്നു ശ്രീനാഥ് പറഞ്ഞു. ഞാന്‍ പത്താം ക്ളാസില്‍ പഠിക്കുമ്ബോള്‍ അവള്‍ ഒന്‍പതിലാണ്. തെറ്റ് ചെയ്തെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും ശ്രീനാഥ് ഉറപ്പിച്ചു പറഞ്ഞു.
പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി.
പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും. അന്വേഷണത്തില്‍ വീഴ്ച വരുത്തുകയും നിരപരാധിയെ പ്രതി ചേര്‍ക്കുകയും ചെയ്ത കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.