മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പൊലീസുകാരിക്ക് മുട്ടൻ പണി

മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്.ഇവർക്കെതിരെ കൂടുതൽ വകുപ്പുതല നടപടികളും ഉണ്ടായേക്കും എന്നറിയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് റൂറൽ എസ് പിക്ക് കൈമാറി.ഇതിലാണ് പൊലീസുകാരിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇവർക്കെതിരായിരുന്നു. പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. . പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രൻ നേരത്തേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പാേർട്ടിൽ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയതിന് പാരിതോഷികമായി ഫോണ്‍ ഉടമ 1000 രൂപ പാരിതോഷികവും നല്‍കിയിരുന്നു. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വച്ച് ജയചന്ദ്രനേയും മകളേയും പിങ്ക് പൊലീസ് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ ആറ്റിങ്ങൽ സി.ഐയും മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ആറ്റിങ്ങൽ ദേശീയപാതയിൽ മൂന്നുമുക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മേൽ തോന്നയ്ക്കൽ മങ്കാട്ടുമൂല കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകൾ ദേവപ്രിയയും ഐ.എസ്.ആർ.ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിൻടാക്സിൻ ചേമ്പറുകളുടെ നീക്കം കാണാനാണ് മൂന്നുമുക്കിൽ എത്തിയത്. ഇവിടെ പിങ്ക്പൊലീസിന്റെ വാഹനം പാർക്ക് ചെയ്തതിനു സമീപത്താണ് ജയചന്ദ്രനും മകളും നിന്നത്. ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനോട് കയർത്തു. നൂറോളം ആളുകളുടെ മുന്നിൽ വച്ചാണ് പൊലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാർ ആദ്യം ഇത് വിശ്വസിച്ചു. സംഭവംകണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാൻ തുടങ്ങി. ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനിൽ കൊണ്ടു പോകുമെന്ന നിലവന്നപ്പോൾ ഈ രംഗങ്ങളെല്ലാം തുടക്കംമുതൽ മൊബൈലിൽ പകർത്തുകയായിരുന്ന യുവാവ് രംഗത്തെത്തി.പൊലീസിന്റെ പ്രവൃത്തി മനുഷത്വരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയർത്തു. മറ്റാരുടെയെങ്കിലും മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാൻ യുവാവ് ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ തന്നെ മൊബൈൽ കണ്ടെത്തുകയും ചെയ്തു.എന്നാൽ താൻ ആക്ഷേപിച്ചവരോ‌ട് മാപ്പുപോലും പറയാൻ തയ്യാറാവാതെ പൊലീസുകാരി പോയി.

Related posts

Leave a Comment