സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍.കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രോഗബാധിത നിരക്ക് 7 രേഖപ്പെടുത്തുന്നയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇത് എട്ടിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികൾക്ക് കൂടുതൽ രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗം കണക്കിലെടുത്ത് മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരം ഉണ്ട്. സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും. അവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകും. അനുബന്ധ രോഗമുള്ളവർ ആശുപത്രിയിൽ എത്തുന്നില്ലെങ്കിൽ രോഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പല കേസുകളിലും ഉണ്ട്.
മെഡിക്കൽ കൊളേജിലെയും സ്വകാര്യ ആശുപത്രിയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് യോഗം ചേരും. സെപ്ടംബർ 3 തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേരും. കോവിഡ് അവലോകനത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പുറമെ റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ കൈയ്യിൽ വാക്സിൻ കണക്ക് ഉണ്ടാകണം. എല്ലാ ജില്ലകളിലും അഡീഷണൽ എസ് പി മാർ എന്നിവരെ കോവിഡ് നോഡൽ ഓഫീസറാക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കട ഉടമകളുടെ യോഗം ചേരും. കോവിഡ് ബാധിച്ചവർ പുറത്ത് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റസിഡൻസ് അസോസിയേഷൻ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.