ആസ്ട്രേലിയന്‍ കാട്ടുതീ: ഹെലികോപ്ടറില്‍ വിതറുന്നത് കിലോക്കണക്കിന് പച്ചക്കറികള്‍ -VIDEO

സിഡ്നി: കാട്ടുതീ കനത്ത നാശംവിതച്ച ആസ്ട്രേലിയയിലെ ദുരന്തബാധിത മേഖലകളില്‍ ഹെലികോപ്ടറില്‍ എത്തിച്ച്‌ വിതറുന്നത് വന്‍തോതില്‍ പച്ചക്കറികള്‍. തീപിടിത്തം അതിജീവിച്ച മൃഗങ്ങള്‍ക്ക് മറ്റ് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ന്യൂ സൗത്ത് വെയില്‍സ് അധികൃതരുടെ ഈ നടപടി.

കഴിഞ്ഞ ആഴ്ച 1000 കിലോയിലേറെ മധുരക്കിഴങ്ങും കാരറ്റും ഹെലികോപ്റ്ററില്‍ വിവിധ മേഖലകളില്‍ വിതറിയതായി പരിസ്ഥിതി മന്ത്രി മാറ്റ് കീന്‍ അറിയിച്ചു. ‘ഓപറേഷന്‍ റോക് വാലബി’ എന്ന പേരിലാണ് നടപടി.

തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട കങ്കാരു വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പച്ചക്കറി വിതറുന്നത്. ആസ്ട്രേലിയന്‍ വന്‍കരയില്‍ മാത്രം കാണപ്പെടുന്ന സസ്തനിവര്‍ഗമായ കങ്കാരുക്കള്‍ക്ക് തീപിടിത്തം വന്‍ നാശമുണ്ടാക്കിയതായാണ് കരുതുന്നത്. 15 ഇനം കങ്കാരുക്കളാണ് ആസ്ട്രേലിയയില്‍ ഉള്ളത്. പല ജീവിവര്‍ഗങ്ങളുടെയും ആവാസവ്യവസ്ഥ തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.

തീപിടിത്തം ഏറ്റവും കൂടുതല്‍ നാശംവിതച്ച ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മാത്രം 50 കോടിയിലേറെ ജീവികള്‍ക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ആകെ 100 കോടിയിലേറെ ജീവികളെ തീപിടിത്തം ബാധിച്ചതായും കണക്കാക്കുന്നു.

പ്രകൃത്യായുള്ള ഭക്ഷ്യ വിഭവങ്ങളും ജലസ്രോതസ്സുകളും പുന:സ്ഥാപിക്കപ്പെടും വരെ മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. എത്ര മൃഗങ്ങള്‍ ഈ ഭക്ഷണം സ്വീകരിക്കുന്നുണ്ടെന്നും കൂടുതല്‍ ആവശ്യമുണ്ടോ എന്നും അറിയാനായി കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി മാറ്റ് കീന്‍ വ്യക്തമാക്കി.

Related posts

Leave a Comment