16 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്, 88,000 രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ. 88,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.തിരുവനന്തപുരം കുന്നുകുഴി ഗുണ്ടുകാട് കോളനിയില്‍ 30 വയസ്സുകാരനായ അരുണിനെയാണ് പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പ്രതി സമീപത്തെ ചായ്പ്പില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചിരുന്നു. 2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും 17 ക്രിമിനല്‍ കേസിലെ പ്രതിയുമാണ് അരുണ്‍ എന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതി പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. കൂടാതെ, ഇരയ്ക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണം. അതേസമയം ഇപ്പോൾ മാധ്യമങ്ങളിൽ നിരന്തരം കാണുന്ന വാർത്തയാണ് പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ. കുറച്ചു ദിവസം നീളുന്ന ചർച്ചകളും ബഹളങ്ങളും അടങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും ചിന്തിക്കുന്നില്ല ഇരയ്ക്കെന്തു പറ്റിയെന്ന്. സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം മാറ്റിയും ‘# ഇരയ്ക്കൊപ്പം’ എന്നൊക്കെ ഹാഷ് ടാഗിട്ടും പിന്തുണ പ്രഖ്യാപിക്കുമ്പോഴും, ഇരയുടെ ഭാവിയെപ്പറ്റി എല്ലാവരും ചിന്തിക്കുമെന്നും കരുതാൻവയ്യ. അതുമാത്രമല്ല സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ ആക്രമിച്ചയാളുടെ മേലല്ല ഇരയാക്കപ്പെട്ട സ്ത്രീയുടെമേല്‍ കുറ്റം ചാര്‍ത്തുന്ന ഒരു സമീപനം നമ്മുടെ സമൂഹത്തിനുണ്ട്. അതുപോലെ മിക്ക കേസുകളിലും ഗാര്‍ഹിക പീഡനങ്ങളില്‍ കുറ്റവാളികളായി കണ്ടുവരുന്നത്‌ ഭര്‍ത്താക്കന്മാരാണ്. ഇന്ത്യയില്‍ 31 ശതമാനം വിവാഹിതരായ സ്ത്രീകള്‍ ശാരീരികവും,
മാനസികവും, ലൈംഗികവുമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അതേസമയം സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുന്നോട്ടു വരികയും അതുവഴി ചൂഷകര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തങ്ങളുടെ ദുരനുഭവങ്ങള്‍ പുറത്തു പറയുന്നത് കുടുംബത്തിനും ഭാവിജീവിതത്തിനുമൊക്കെ ദോഷം ചെയ്യുമെന്ന് ചെറുപ്പം മുതലേ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. ഇരയെ അപഹസിക്കുന്ന സമൂഹത്തിന്‍റെ മനോഭാവം ശരിയല്ല. സ്ത്രീകള്‍ ആധുനിക വസ്ത്രധാരണത്തിനു പകരം പരമ്പരാഗത രീതി സ്വീകരിച്ച്, രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച്, വീട്ടില്‍തന്നെ ഇരുന്നാല്‍ പൂര്‍ണ്ണ സുരക്ഷിതരാകും എന്ന ഇടുങ്ങിയ ചിന്താഗതിക്കു മാറ്റം വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകള്‍ക്കു സുരക്ഷിതരായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന നിലയിലുള്ള ചിന്തകളും ചര്‍ച്ചകളും നടത്തേണ്ട സമയമാണിത്.

Related posts

Leave a Comment