യെമൻ പൗരനെ കൊലപ്പെടുത്തി ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാകുമെന്ന പ്രതീക്ഷയിൽ സേവ് നിമിഷ പ്രവർത്തകർ. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിക്കാൻ തയാറായേക്കുമെന്നാണ് സൂചന. കൊലപാതകത്തിനു കൂട്ടുനിന്നതായി ആരോപിക്കപ്പെടുന്ന നഴ്സ് ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഹനാനും ജയിലിലാണ്. ജീവൻ രക്ഷിക്കണമെന്ന അഭ്യർഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. ആദ്യ ഘട്ടത്തിൽ മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീൽ കോടതി ശരിവച്ചിരുന്നു. ബ്ലഡ് മണിയായി 20 ദിവസത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് ഇന്ത്യയിൽനിന്ന് നിമിഷയുടെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സംഘത്തെ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സേവ് നിമിഷ പ്രവർത്തകർ. അതിനായി വാട്സാപ് ഗ്രൂപ്പുണ്ടാക്കി ലോകമെങ്ങുമുള്ള മലയാളികളുടെ സഹായം തേടുന്നുണ്ട്. നിയമപരമായി യെമൻ ഭരണകൂടവുമായി ഇടപെടാൻ സാധിക്കാത്തതും ലക്ഷ്യത്തിനു തിരിച്ചടിയാണ്. നിമിഷപ്രിയയുടെ അപ്പീൽ പരിഗണിക്കുന്ന ക്രിമിനൽ പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സുപ്രീം കോടതിക്കു മാത്രമേ അപ്പീൽ പരിഗണിക്കാൻ സാധിക്കൂ എന്ന നിമിഷപ്രിയയുടെ അഭിഭാഷകന്റെ വാദത്തെ തുടർന്ന് കേസ് പരിഗണിക്കുന്നത് നിർത്തി വച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതിയിലേക്കു റഫർ ചെയ്യാനുള്ള അഭ്യർഥന കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...