കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കേരളപുരം മണ്ഡപം ജംക്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എം. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. ഗോവിന്ദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നു. അവിടെവച്ചാണ് ചൈതന്യ മരിച്ചത്.
തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്.
വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.