മക്കളില്‍ പരീക്ഷണം; വാക്‌സിന്‍ ആശങ്കയകറ്റാന്‍ പട്‌ന എയിംസിലെ ഡോക്‌ടര്‍ ദമ്ബതിമാര്‍.

ന്യൂഡല്‍ഹി: കുട്ടികളിലെ കോവാക്‌സിന്‍ പരീക്ഷണത്തില്‍ സ്വന്തം മക്കളെയും പങ്കാളികളാക്കി പട്‌ന എയിംസിലെ ഡോക്‌ടര്‍മാര്‍. ജൂണ്‍ രണ്ടിനാണു രാജ്യത്തു കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്‌. 12-18 പ്രായപരിധിയിലുള്ള 20 കുട്ടികള്‍ക്ക്‌ ഇതുവരെ ആദ്യ ഡോസ്‌ വാക്‌സിന്‍ നല്‍കി. 6-12 പ്രായപരിധിയിലുള്ള കുട്ടികളില്‍ 14 നാണു പരീക്ഷണം തുടങ്ങിയത്‌. ഏഴു കുട്ടികള്‍ക്ക്‌ ആദ്യഡോസ്‌ നല്‍കിയെന്നു എയിംസ്‌ പട്‌ന സൂപ്രണ്ട്‌ ഡോ. സി.എം. സിങ്‌ പറഞ്ഞു.
ഡോക്‌ടര്‍ ദമ്ബതിമാരായ വീണ സിങ്ങിന്റെയും സന്തോഷിന്റെയും മക്കളായ സത്യം (13), സംയക്‌ (7) എന്നിവരും ആദ്യഡോസ്‌ സ്വീകരിച്ചു. വാക്‌സിനെക്കുറിച്ചുള്ള ആശങ്കള്‍ അകറ്റാന്‍ വേണ്ടിയാണു മക്കള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കുട്ടികളുടെ സമ്മതത്തോടെ ആയിരുന്നു ഇതെന്നും ഡോ. വീണ സിങ്‌ പറഞ്ഞു.

കോവിഡിന്റെ മൂന്നാംതരംഗത്തില്‍ ഒറ്റപ്പെട്ട കേസുകള്‍ മാത്രമേ കുട്ടികളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനിടയുള്ളൂവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗ്രാമീണമേഖലകളില്‍ 18 വയസില്‍ താഴെയുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 56 ശതമാനമാണെന്നും 18 വയസിനു മുകളിലുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 63 ശതമാനമാണെന്നും നീതി ആയോഗ്‌ (ആരോഗ്യം) അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
കുട്ടികള്‍ക്ക്‌ കോവിഡ്‌ ബാധിച്ചിരുന്നു. എന്നാല്‍, അതു തീര്‍ത്തും തീവ്രതയില്ലാത്തതായിരുന്നു എന്നാണ്‌ ഈ വിവരം സൂചിപ്പിക്കുന്നതെന്നും പോള്‍ പറഞ്ഞു. മൂന്നാംതരംഗത്തില്‍ കുട്ടികളില്‍ ഒറ്റപ്പെട്ട രോഗബാധ മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18 വയസിനു താഴെയും മുകളിലും ഉള്ളവരില്‍ സീറോ പോസിറ്റിവിറ്റി ഏറെക്കുറേ തുല്യമാണെന്ന എയിംസ്‌-ലോകാരോഗ്യസംഘടനയുടെ സര്‍വേയിലെ കണ്ടെത്തലിനെയും തന്റെ വാദത്തെ സാധൂകരിക്കാന്‍ ഡോ. പോള്‍ ചൂണ്ടിക്കാട്ടി. വൈറസുകളോട്‌ സ്വാഭാവിക പ്രതിരോധം സൃഷ്‌ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ്‌ സീറോ പോസിറ്റിവിറ്റി. 18 വയസിനു മുകളിലുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 67 ശതമാനമാണെന്നും 18-ന്‌ താഴെയുള്ളവരില്‍ ഇത്‌ 59 ശതമാനമാണെന്നുമായിരുന്നു എയിംസ്‌- ലോകാരോഗ്യ സംഘടനാ സര്‍വേയിലെ കണ്ടെത്തല്‍. നഗരമേഖലകളില്‍ 18-വയസിന്‌ താഴെയുള്ളവരില്‍ 78 ശതമാനവും 18-ന്‌ മുകളിലുള്ളവരില്‍ 79 ശതമാനവുമാണ്‌ സീറോ പോസിറ്റിവിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment