വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏർപ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകൾ വർദ്ധിപ്പിക്കാൻ മറ്റ് നൂതന സംവിധാനങ്ങൾ ഏർപ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
അമേരിക്കയുടെ ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകൾ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ചൈനീസ് ആപ്പുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. ഓൺലൈൻ ആപ്പ് മേഖലകളെ കർശന നിയന്ത്രണത്തിൽ നിർത്തിയും സുരക്ഷ ഉറപ്പാക്കാമെന്നും ബൈഡൻ പറഞ്ഞു. ചൈനീസ് ആപ്പുകളുടെ നിരോധനം നീക്കിയെങ്കിലും പ്രവർത്ത നാനുമതി എന്നുമുതൽ നൽകുമെന്നതിൽ തീരുമാനം ആക്കിയിട്ടില്ല. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്.
കഴിഞ്ഞയാഴ്ചയാണ് 59 ചൈനീസ് കമ്ബനികളിലെ നിക്ഷേപം മരവിപ്പിച്ചുകൊണ്ട് അമേരിക്ക നടപടി എടുത്തത്. ചൈനീസ് സൈന്യത്തിന് നേരിട്ട് ബന്ധമുള്ള പ്രതിരോധരംഗത്തെ സാങ്കേതിക സംവിധാനങ്ങളൊരുക്കുന്ന കമ്ബനികളെയാണ് നിരോധിച്ചത്. അമേരിക്ക ശാസ്ത്രസാങ്കേതിക പ്രതിരോധ മേഖലകളിൽ ചൈനയെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ചൈനയുടെ മുന്നേറ്റം തടയാനായി ഒരുലക്ഷം കോടിയുടെ സഹായ പദ്ധതികളാണ് അമേരിക്കൻ കമ്ബനികൾക്കായി നൽകുക.