തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അഞ്ച് അംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കി ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വണ്ടിത്തടം പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍ വീട്ടില്‍ അജേഷാണ് (30) കൊല്ലപ്പെട്ടത്. പാപ്പാന്‍ചാണി സ്വദേശികളായ ജിനീഷ്, നസീര്‍, അരുണ്‍, റോബിന്‍സണ്‍, സജന് എന്നിവരാണ് പ്രതികള്‍. പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനു സമീപം വച്ച് അജേഷിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു.
അവിടുന്ന് ആട്ടോറിക്ഷയില്‍ കയറ്റി വണ്ടിത്തടം ജംഗ്ഷനില്‍ കൊണ്ടുവന്നും പിന്നീട് അജേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചും മര്‍ദ്ദിച്ചു. വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടാതായതോടെ അജേഷിന്റെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ അജേഷിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ വീടുകളില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കൊലപാതകശ്രമത്തിന് കേസെടുത്ത് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവ് മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലപാതകുറ്റം ചുമത്തും. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു
