കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം നമ്മളെല്ലാം വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയത്. ഇതോടെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താല്‍ എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായി. ശക്തമായ നിയന്ത്രണങ്ങള്‍ക്കിടെ ആശുപത്രി കേസുകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.
എന്നാല്‍ വീടിന് പുറത്തിറങ്ങാന്‍ വിചിത്രവും എന്നാല്‍ കേട്ടാല്‍ ചിരിവരുന്നതുമായ പലതരം കാരണങ്ങളാണ് ചിലര്‍ക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ ലോക്ഡൗണില്‍ പുറത്തിറങ്ങുന്നതിന് കര്‍ണാടകയിലുള്ള ഒരാളുടെ വിചിത്രമായ ഒരു കാരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തന്റെ കോഴിക്ക് ‘മലബന്ധം’ വന്നത് കാരണം ഡോക്ടറെ കാണിക്കുന്നതിന് പുറത്തിറങ്ങിയ ആളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച സംഭവം കര്‍ണാടകയിലെ ഗഡഗ് ജില്ലയിലാണ് നടന്നത്. കോഴിയെ കുട്ടയിലാക്കി പോകുന്ന മധ്യവയസ്കനെ പോലീസ് ചോദ്യം ചെയ്യുന്നതാണ് വൈറലായ വീഡിയോയിലുള്ളത്.
പുറത്തിറങ്ങിയതിന് കാരണം ചോദിച്ച പോലീസുകാരോട് തന്റെ കോഴിക്ക് മലബന്ധം ആണെന്നും അത്യാവശ്യമായി അതിന് ചികിത്സ ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. കുട്ടയില്‍ നിന്നും കോഴിയെ പുറത്തെടുത്ത് ഇയാള്‍ പോലീസുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇയാളുടെ മറുപടി തൃപ്തികരം ആയില്ലെങ്കിലും കേട്ട് നിന്ന പോലീസുകാരിലും ഇത് ചിരി പടര്‍ത്തി. എന്തായാലും ഇയാളെയും മലബന്ധമുള്ള കോഴിയെയും അവര്‍ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
മെയ് 29ന് അമിത് ഉപാധ്യായ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് 30 സെക്കന്റുള്ള വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. എന്നാല്‍ വീഡിയോയും ലോക്ഡൗണില്‍ പുറത്തിറങ്ങാനുള്ള ഈ വിചിത്ര കാരണവും ചിരിപടര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. സംഭവത്തെ മിക്കവാറും ആളുകള്‍ തമാശയോടെ സമീപിക്കുമ്ബോള്‍ ഇതിനെതിരെ പ്രതികരിക്കുന്ന ‘ഉത്തരവാദിത്വമുള്ള പൗരന്മാരും’ കുറവല്ല. കോഴിക്ക് യഥാര്‍ത്ഥത്തില്‍ മലബന്ധം ഉണ്ടായിരുന്നെങ്കിലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. പോലീസ് ഇവരെ എന്തുകൊണ്ട് മൃഗ ഡോക്ടറുടെ സമീപം എത്തിച്ചില്ലെന്നും ഇവര്‍ ചോദ്യമുന്നയിക്കുന്നു.
തന്റെ വീട്ടിലും മൂന്ന് വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെന്നും വീഡിയോ കണ്ടിട്ട് ഇയാള്‍ കള്ളം പറയുന്നതായി തോന്നുന്നില്ല എന്നുമാണ് ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചത്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും രോഗങ്ങള്‍ വരുമെന്നും കോഴിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ് വകുപ്പിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും സായ് കൃഷ്ണ എന്ന യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ഇന്ത്യക്കാര്‍ വളരെയധികം ഭാവന ഉള്ളവരാണെന്നാണ് ചിലരുടെ അഭിപ്രായം, ലോക്ഡൗണില്‍ പുറത്തിറങ്ങാന്‍ വ്യത്യസ്തമായ പുതിയ കാരണം കണ്ടെത്തിയതില്‍ ഇവര്‍ ഇയാളെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, കോഴിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത മധ്യവയസ്കന്റെ ദുഖം പങ്കുടുന്ന ചില യൂസര്‍മാര്‍ ഈ വീഡിയോ തമാശയായി തോന്നുന്നില്ലെന്നും അഭിപ്രായപ്പെടുന്നു.