കൊച്ചി: മഹാമാരിക്കാലത്ത് മനുഷ്യമനസ്സിനെ മുറിവേല്‍പ്പിക്കുന്ന മറ്റൊരു സംഭവം കൊച്ചിയില്‍ നിന്നും. പ്രസവ വിവരം പുറത്തറിയാതിരിക്കാന്‍ അമ്മ നവജാത ശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്ത്തി.തിരുവാണിയൂരിലാണ് അമ്മയുടെ ഈ ക്രൂരത.പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങള്‍ പുറംലോക മറിയുന്നത്.തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ.. യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിനെ പാറമടയില്‍ കല്ലിട്ട് കെട്ടിതാഴ്ത്തി എന്നായിരുന്നു സ്ത്രീയുടെ മൊഴി.നാല്‍പ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയാണെന്ന കാര്യവും പ്രസവവും മാറ്റാര്‍ക്കും അറിയില്ലെന്നാണ് സൂചന. ഇത് മറച്ചുവെക്കാനാണ് യുവതി ഇത്തരമൊരു ക്രൂരത നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്ത്രീയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ കെട്ടിത്താഴ്ത്താന്‍ ഇയാളും കൂട്ടുനിന്നോ എന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. യുവതി നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.