ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ജാമിയ മിലിയയിലേയും അലീഗഢ് സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ക്കെതിരേ ലാത്തിച്ചാര്‍ജടക്കം നടത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പഠാന്റെ ട്വീറ്റ്.
‘രാഷ്ട്രീയ നാടകങ്ങള്‍ തുടര്‍ക്കഥയാണ്. എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെ കുറിച്ചാണ്.’ ജാമിയ മിലിയ, ജാമിയ പ്രൊട്ടസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെ പഠാന്‍ ട്വീറ്റില്‍ പറയുന്നു.
ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ്ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ജാമിയ സര്‍വകലാശാലയില്‍ നൂറുകണിക്ക് പോലീസുകാര്‍ പ്രവേശിച്ചതായും കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാമ്ബസിനുള്ളില്‍നിന്ന് 150-ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാര്‍ഥികളെയാണ് പോലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കാമ്ബസില്‍ പ്രവേശിച്ചതെന്നും വിദ്യാര്‍ഥികളെയും ജീവനക്കാരെയും പോലീസ് മര്‍ദിച്ചതായും ജാമിയ മിലിയ സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിനിടയില്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികളല്ലാത്ത ചിലര്‍ കാമ്ബസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച് ഈ ദിശയില്‍ നീങ്ങിയതായി പോലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്ബസ് കവാടം അടച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.