കലാലോകത്തെ പിടിച്ചുലച്ചു കൊണ്ടായിരുന്നു കോവിഡിന്റെ വരവും രണ്ടാം തരംഗത്തിന്റെ തുടക്കവും. സിനിമാ, സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചു കൊണ്ടായിരുന്നു തുടക്കം. ഒടുവില്‍ ഈ വര്‍ഷമാദ്യം തിയേറ്ററുകള്‍ തുറക്കുകയും 2020 ന്റെ അവസാനത്തോടെ ഷൂട്ടിംഗ് സജീവമാവുകയും ചെയ്തെങ്കിലും ഇനിയും നാടക മേഖല കഴിഞ്ഞ നാളുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്.
രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വേദി തുറന്നപ്പോഴും, അന്താരാഷ്ട്ര നാടകോത്സവം എന്ന കേരളത്തിന്റെ സ്വന്തം കലാ മാമാങ്കം വിസ്മൃതിയില്‍ നിന്നും ഉണര്‍ന്നിട്ടില്ല. രണ്ടാം തരംഗം കൂടിയായപ്പോള്‍ പണ്ടത്തേതിലും അധികം ആടിയുലച്ചിലുകള്‍ ഉണ്ടായത് നാടക മേഖലയ്ക്കാണ്. ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമായ കൃഷ്ണന് ബാലകൃഷ്ണന് ഈ അനിശ്ചിതാവസ്ഥയ്ക്കും നാടകകല ഉപജീവനമാക്കുന്നവര്‍ക്കും വേണ്ടി ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നു. കൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ: “കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ച് പ്രവര്‍ത്തങ്ങള്‍ തുടങ്ങുമ്ബോള്‍ തിയേറ്റര്‍ ഗ്രൂപ്പുകളും, സംഘടനകളും ഒരു കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു, നാടക പഠനത്തോടൊപ്പം, ഗ്രൂപ്പുകള്‍ക്ക് കൂട്ടായി, സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്ന മറ്റൊരു വരുമാന മാര്‍ഗത്തെയും പരിശീലിപ്പിക്കുകയും, പ്രമോട്ട് ചെയുകയും വേണം. അല്ലെങ്കില്‍ വരുന്ന മഹാമാരി കാലത്തും കൂടുതല്‍ വിശപ്പിന്റെ വിളികള്‍ കേള്‍ക്കേണ്ടി വരും, ഒരാള്‍ മാത്രം ചെയ്യുമ്ബോള്‍ കഴിവിന്റെ പരിമിതിയും, മാനസിക പ്രശ്നവും ഉണ്ടാവാന്‍ സാധ്യതയുണ്ട്, ഒരുകൂട്ടം ആള്ക്കാര് ഒരുമിച്ച് ചെയ്യാന്‍ കഴിഞ്ഞാല്‍ എല്ലാവരും സന്തോഷത്തോടെ ചെയ്യുകയും ചെയ്യും. അവരവരുടെ കഴിവിന്റെ പരമാവധി ചെയ്യാനും കഴിയും, വിശപ്പില്ലാത്ത നാടക പ്രവര്‍ത്തനം സാധ്യമാകും, ഇന്ത്യയിലെ പല നാടകസംഘങ്ങളും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്, ഉദാഹരണത്തിന് മണിപ്പൂരിലെ നയാ തീയേറ്റര്‍ കൃഷിയും നാടകവും ഒരുമിച്ച് കൊണ്ട് പോകുന്നുണ്ട്, കേരളത്തില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുകതന്നെ വേണം.”
സീരിയല്‍ മേഖലയില്‍ നിന്നും കഴിഞ്ഞ ദിവസം അസോസിയേഷന് ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്സ് (ആത്മ) പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കര്‍, പൂജപ്പുര രാധാകൃഷ്ണന്, കിഷോര്‍ സത്യ എന്നിവര്‍ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ കണ്ട് ചര്‍ച്ച നടത്തി നിവേദനം കൈമാറി.
ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴില്‍, സാമ്ബത്തിക പ്രശ്നങ്ങള്‍, ഷൂട്ടിംഗ് പുനരാരംഭിക്കല്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷന്‍ പരമ്ബരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികള്‍ അനുഭാവപൂര്‍ണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.