ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പൃഥ്വിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ സുരേഷ് ഗോപിയും പൃഥ്വിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.
“സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല” എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിക്കും കുടുംബത്തിനുമെതിരെ ജനം ടിവിയുടെ വെബ്സൈറ്റില്‍ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജിന്‍റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി എന്ന തലക്കെട്ടില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് ചാനല്‍ വെബ് സൈറ്റില്‍ ലേഖനം എഴുതിയത്. ലേഖനം പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഓരോ വ്യക്തിക്കും അഭിപ്രായങ്ങളുണ്ടാകുമെന്നും അതിലേക്ക് കുടുംബത്തെ വലിച്ചിഴക്കരുതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.