ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നാളെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.