ആ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് തമിഴത്തിയായ ഞാൻ എപ്പോഴും ശപഥം ചെയ്യുമായിരുന്നു; വൈറലായി സുഹാസിനിയുടെ കുറിപ്പ്

രാജാവിന്റെ മകൻ, മനു അങ്കിൾ, കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മോഹൻലാലിനെയും മമ്മൂട്ടിയെയും സൂപ്പർ താര നിരയിലേക്ക് ഉയർത്തിയ ഡെന്നീസിന്റെ വേർപ്പാട് ഏറെ ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. ഡെന്നീസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ഡെന്നീസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും നടിയുമായ സുഹാസിനി മണിരത്നം. ഡെന്നീസിനെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തന്റെ ഇരുപതുകളിലെ അടുത്ത കൂട്ടുകാരാണ് പ്രിയദർശനും ഡെന്നീസ് ജോസഫും ദിനേശ് ബാബുവും എന്ന് പറയുകയാണ് സുഹാസിനി. പമ്പുകളിലോ ഡിസ്ക്കോ ബാറുകളിലോ പോയിരുന്നുള്ള സൗഹൃദമല്ല തങ്ങളുടേതെന്നും സുഹാസിനി പറയുന്നു. പതിവായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടിയിരുന്ന ഞങ്ങൾ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു എന്നാണ് സുഹാസിനി പറയുന്നത്.

അക്കാലത്ത് ചെറിയ മുതൽ മുടക്കിലുള്ള കോമഡി സിനിമകൾ ചെയ്യുന്ന സംവിധായകനായിരുന്നു പ്രിയദർശൻ. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ്. പ്രശസ്തനായ ഛായാഗ്രാഹകനായിരുന്നു ദിനേശ്. ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുന്ന നടിയായിരുന്നു അക്കാലത്ത് താനെന്നും സുഹാസിനി കുറിപ്പിൽ പറയുന്നു. ഒരു പുതിയ കഥയിലൂടെയാകും ആരംഭിക്കുന്ന ഞങ്ങളുടെ സംഭാഷണങ്ങൾ പിന്നീട് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെ അടങ്ങുന്ന, ഗഹനമായ ലോക സിനിമാ ചർച്ചയാകു൦ -സുഹാസിനി പറയുന്നു.

ഒരുപാട് ചായകളും സിഗററ്റുകളും അതിനിടെയിൽ തീരും. (അതിഭീകരമായ ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു അവർ മൂന്നുപേരും). ഏറ്റവുമൊടുവിൽ ആ ചർച്ചകൾ അവസാനിക്കുന്നത് വഴക്കിലാകും. ദുർവാശിക്കാരായ ഈ മൂന്നു മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എപ്പോഴും ശപഥം ചെയ്യും. എല്ലാ ചർച്ചകളിലും ഞാൻ പരാജയപ്പെടും. പ്രത്യേകിച്ച് പ്രിയനോട്. എന്നാൽ, എപ്പോഴും ഞാൻ പ്രിയനോട് ഒരു കാര്യം പറയും. ‘കാത്തിരുന്ന് കാണൂ, ഞാൻ നിർമ്മിക്കുന്ന മികച്ച ക്ലാസ്സിക് ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് നിങ്ങൾ തീയേറ്ററിനു മുന്നിൽ കാത്തു നിൽക്കും.എന്ന് -സുഹാസിനി കുറിച്ചു.

ആ സിനിമകണ്ട ശേഷം എന്നെ അഭിനന്ദനം കൊണ്ട് മൂടും. അപ്പോൾ ഞാൻ പറയും ‘നിങ്ങളുടെ വിലകുറഞ്ഞ വാഗ്‌വാദങ്ങൾക്കിടെ ഞാൻ ഒരു ക്ലാസിക് സിനിമ ഉണ്ടാക്കിയെന്ന്’. -സുഹാസിനി കുറിപ്പ് അവസാനിപ്പിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് നടി സുഹാസിനി മണിരത്നം പങ്കുവച്ച ഈ പോസ്റ്റ് വളരെ പെട്ടന്നാണ് വൈറലായി മാറിയത്. വളരെ ശക്തനായ ഒരു തിരക്കഥാകൃത്തിനെയും തന്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്രയും വേഗം ഗ്യാങ്ങിനൊപ്പം വീണ്ടു൦ കാണാമെന്നും സുഹാസിനി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

Related posts

Leave a Comment