ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങിന്റെ ട്വീറ്റ്.
എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നു. ഭാവിയില്‍ ഒരാളും ഇത്തരമൊരു കുറ്റകൃത്യം ചെയ്യരുതെന്നും ഹര്ഭജന് ചൂണ്ടിക്കാട്ടി. പോലീസിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ജനങ്ങള്‍ നടത്തുന്ന ആഘോഷപ്രകടനവും ഹര്ഭജന് ഷെയര്‍ ചെയ്തിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്കുന്ന വിവരം.
പോലീസ് വെടിവച്ചുകൊന്നതില്‍ ഇരയുടെ കുടുംബവും പ്രതികരിച്ചിരുന്നു. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഡോക്ടറുടെ കുടുംബം പ്രതികരിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികള്‍ പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്നു.