ചാരായം വാറ്റാനുള്ള കോട പിടിച്ചെടുത്തത് മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും; ആംബുലന്‍സ് ഉടമയും സഹായിയും അറസ്റ്റില്‍

അടൂര്‍: മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചാരായം വാറ്റാനുള്ള കോട പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിനെ (33)യും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ അനധികൃതമായി ചാരായം വാറ്റുന്നതായി ശനിയാഴ്ച അടൂര്‍ ഡിവൈ.എസ്‌പി. ബി.വിനോദിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും കോട പിടിച്ചെടുത്തത്.

സിഐ. ബി.സുനുകുമാര്‍, വനിതാ എസ്‌ഐ. നിത്യാസത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി. തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, ജയരാജ് എന്നിവര്‍ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പില്‍ ചാരായം വാറ്റുകയായിരുന്നു. കൈയോടെതന്നെ എല്ലാം പൊക്കി.

തുടര്‍ന്നുള്ള തിരച്ചിലിലാണ് മൊബൈല്‍ മോര്‍ച്ചറിയിലെ കോടകലക്ക്’ കണ്ടത്. 150 ലിറ്ററോളം കോടയാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അബ്ദുള്‍ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും(46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിന്‍ തമ്ബി ഓടിരക്ഷപ്പെട്ടു.

മോര്‍ച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും കണ്ടെത്തി. ലോക്ഡൗണ്‍ സമയമായതിനാല്‍ ഒരു ലിറ്റര്‍ ചാരായം 2000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

Related posts

Leave a Comment