തൊടുപുഴ: ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ മോചനം. യുവതിയുടെ കണ്ണിനും മൂക്കിനുമിടയില്‍ ആറ് മാസത്തിലധികം കഴിഞ്ഞ നൂല്‍പുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. പോള്‍ എബ്രഹാമാണ് കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയുടെ ഭാര്യ ധന്യയുടെ (36) ഇടത് കണ്ണിനടിയില്‍ നിന്ന് പുഴുവിനെ പുറത്തെടുത്തത്.
മെയ് മാസത്തിലാണ് യുവതി കണ്ണിനും മൂക്കിനും ഇടയ്ക്ക് നീരുമായി ആശുപത്രിയിലെത്തുന്നത്. അന്ന് നല്‍കിയ തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സ്‌കാനിങ് നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല. യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയില്‍ തന്നെയെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണിതെന്ന് മനസിലായി.
വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപഴകലില്‍ നിന്നോ മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ മറ്റോ യുവതിയുടെ കണ്ണില്‍ കടന്നുകൂടിയതാണ് പുഴുവെന്നാണ് നിഗമനം. മാസങ്ങള്‍ കഴിഞ്ഞതോടെ കണ്‍പോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്.
തീരെ ചെറുതായ ഇവയെ സ്‌കാനിംഗില്‍ കണ്ടെത്താനാകില്ല. കണ്ണിനും മൂക്കിനുമിടയില്‍ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ അര സെന്റിമീറ്റര്‍ നീളമുള്ള നൂല്‍പുഴുവിനെ പുറത്തെടുക്കുകയായിരുന്നു.