കേരളത്തിൽ കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും വെള്ളക്കെട്ടും വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളവർ, ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും എമർജൻസി കിറ്റ് കരുതണമെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതേറിറ്റി അറിയിച്ചു.
മാസ്ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മേധാവി ഡോ. അഷീൽ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെടുമ്പോഴും കൊവിഡ് ഭീതിയിൽ ക്യാമ്പിലേക്ക് മാറാതെ സ്വന്തം ജീവൻ അപകടത്തിൽപ്പെടുത്തരുതെന്നും ഡോ.അഷീൽ കൂട്ടിച്ചേർത്തു.
എമർജൻസി കിറ്റിൽ വേണ്ട വസ്തുക്കൾ :
- ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം
- ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ
- ഫസ്റ്റ് എയ്ഡ് കിറ്റ്- അതിൽ പ്രമേഹം, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾക്ലോറിൻ ടാബ്ലറ്റുകൾ എന്നിവ
- ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷന് കാർഡ്, സർട്ടിഫിക്കേറ്റുകൾ, തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം.
- ദുരന്ത സമയത്ത് അപ്പപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു റേഡിയോ
- വ്യക്തിശുചിത്വ വസ്തുക്കളായ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ
- ഒരു ജോഡി വസ്ത്രം
- ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
- വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും, പ്രവർത്തന സജ്ജമായ ടോർച്ചും, ബാറ്ററിയും
- രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ
- അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലെയ്ഡോ
- മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്
- സാനിറ്റൈസറും, സോപ്പും
- മാസ്ക്ക്
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒരു തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമർദ രൂപീകരണവും വികസവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം.
2021 മെയ് 15 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
2021 മെയ് 14 : കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
2021 മെയ് 15 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
2021 മെയ് 16 : എറണാകുളം, ഇടുക്കി, മലപ്പുറം.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
2021 മെയ് 14 : കണ്ണൂർ, കാസറഗോഡ്.
2021 മെയ് 15 : തിരുവനന്തപുരം, പാലക്കാട്.
2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2021 മെയ് 17 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം.
2021 മെയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
എന്നീ ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു.
ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാലും തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും, അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും, സർക്കാർ സംവിധാനങ്ങളും, അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.